ഇടവേളയിലെ മധുരം – 1

ഇടവേളയിലെ മധുരം – 1

ജാലകത്തിരശ്ശീല നീക്കി, ജാലമെറിയുവതെന്തിനോ
തേൻ പുരട്ടിയ മുള്ളുകൾ നീ കരളിലെറിയുവതെന്തിനോ…

നേരിയ തണുപ്പരിച്ചെത്തിയ, സന്ധ്യയുടെ ചുവപ്പുകലർന്ന വെളിച്ചം ഒഴുകുന്ന, വൈകുന്നേരത്ത് താവളത്തിലേക്ക് നടക്കുമ്പോൾ എതിരെ, നീലനിറമുള്ള കർട്ടൻ മറച്ച ജനാലയിലേക്ക് പാളിനോക്കാതിരിക്കാനായില്ല. തിരശ്ശീല എന്നത്തേയും പോലെ തുടിച്ചു. പിന്നെ ഉയർന്നു. വലിയ, നെഞ്ചിന്റെ ആഴങ്ങളിലേക്ക് ഊളിയിടുന്ന കണ്ണുകൾ. സുന്ദരമായ മുഖം. ചുവന്ന പൊട്ട്. തിങ്ങിയ, പിന്നിലേക്ക് ചീകിക്കെട്ടിയ മുടി. തുടിക്കുന്ന നിമിഷങ്ങളിൽ കണ്ണുകളിടഞ്ഞു. എന്നത്തേയും പോലെ. ഞാൻ പാട്ടും മൂളി വീട്ടിലേക്ക് തിരിഞ്ഞു.

വാതിൽ തുറന്നകത്തു കയറി. കയ്യിൽ കരുതിയിരുന്ന പഴയ വെൽഡിങ്ങ് ഹെൽമെറ്റ് സൈഡിൽ വെച്ചു. അടിച്ചുവാരി തുടച്ചുവൃത്തിയാക്കിയിട്ട തറ. കിടപ്പുമുറിയിൽ മുഷിഞ്ഞ തുണികളെല്ലാം മാറ്റിയിരിക്കുന്നു. മടക്കിവെച്ച ടീഷർട്ടും ഷോർട്ട്സും. വീടാകെ ഞരമ്പുകളിൽ അരിച്ചുകേറുന്ന ഗന്ധം. ഊണുമുറിയും അടുക്കളയും ഒന്നുതന്നെ. ചെറിയ മേശപ്പുറത്ത് ഒരു ടിഷ്യൂ പേപ്പർ മൂടിയ പ്ലേറ്റിൽ മൊരിഞ്ഞ ബോണ്ടകൾ. ഫ്ലാസ്കു തുറന്നു. ഏലക്കയും, ഇഞ്ചിയും ചേർത്ത ഒന്നാന്തരം ചായ.

പോയിക്കുളിച്ചു. തുണി മാറ്റി. ചായയും ബോണ്ടയുമെടുത്ത് വരാന്തയിൽ ചെന്നിരുന്നു. ചായ മൊത്തിക്കൊണ്ടിരുന്നപ്പോൾ സാഹിൽ വന്നു. അഞ്ചിൽ പഠിക്കുന്ന പയ്യൻ. എനിക്ക് മറാട്ടി അറിയില്ല. അപ്പോൾ ഹിന്ദിയിലാണ് വാചകം.

ഹലോ ഭരത് അങ്കിൾ.

വാ സാഹിൽ. എങ്ങനെ പോകുന്നു?
അവൻ ചിരിച്ചു. മുതിർന്നവരോട് ഇടപെടുന്നത് പോലെയാണ് ഞാൻ അവനോടും. അവനതിഷ്ടമാണ്. സംഭവമെന്താണെന്നു വെച്ചാൽ എനിക്ക് പിള്ളേരോട് പ്രത്യേകരീതിയിൽ കൊഞ്ചാനോ അല്ലെങ്കിൽ അവർക്ക് വിവരമില്ല എന്നരീതിയിൽ പെരുമാറാനോ അറിയില്ല.

അങ്കിൾ, രണ്ടുകാര്യം. ഒന്ന്. രാത്രിയിൽ പുലാവും, പനീർ കറിയും ഓക്കെയാണോ? രണ്ട്. വീട്ടിൽ പൂജയുണ്ട്. വരണം എന്നമ്മ പറഞ്ഞയച്ചു.

രണ്ടും ഓക്കെ. ഞാൻ അവനൊരു ബോണ്ട നീട്ടി.

നന്ദി അങ്കിൾ. ചെറുക്കന് നല്ല മാനേർസാണ്. അമ്മയുടെ ട്രെയിനിങ്ങായിരിക്കും! അങ്കിൾ, ആസ്റ്റ്രിക്സ്?

ഒരു നാലുമാസത്തിൽക്കൂടുതൽ തങ്ങാനായി എവിടെപ്പോയാലും ഒരു ചെറിയ വീഞ്ഞപ്പെട്ടിയിൽ പുസ്തകങ്ങൾ കൊണ്ടുപോകും. പകുതിയോളം കോമിക്കുകളാണ്. ചെറിയമനുഷ്യരും വലിയ ലോകവും, ബോബനും മോളിയും, ആസ്റ്റ്രിക്സ്, കാൽവിനും ഹോബ്സും, പീനട്ട്സ്…

നീ പോയി എടുത്തോളൂ. അവൻ വന്ന് അപ്പുറത്തെ തിണ്ണയിലിരുന്നു വായന തുടങ്ങി. വീട്ടിൽ കൊണ്ടുപോയാൽ അമ്മ വിരട്ടുമായിരിക്കും!

ഇവിടെ, ഈ വീട്ടിൽ ഞാൻ വന്നിട്ട് രണ്ടു മാസമായി. മഹാരാഷ്ട്രയിൽ നാസിക്കിൽ നിന്നും എഴുപതു കിലോമീറ്റർ ദൂരം. ചെറിയ ഫാക്റ്ററി വികസിപ്പിക്കുന്നു. ഒരു വലിയ ഡിസ്റ്റിലറിയും, ബോട്ടിലിങ്ങ് പ്ലാന്റും. ആൽക്കഹോൾ, വൈൻ. പിന്നെയും ചില മദ്യങ്ങൾ. നാസിക്കിലെ മുന്തിരിയും, ഗ്രാമങ്ങളിലെ കരിമ്പുമൊക്കെ ഉപയോഗിക്കാനുള്ള ഡിസൈൻ. ഈ പ്രോജക്റ്റിലാണ്. ഫ്രീലാൻസിങ്ങ്. കോൺട്രാക്ടർ എനിക്ക് റേറ്റനുസരിച് പ്രതിഫലം തരുന്നു. പ്രോജക്ട് കൺസൾട്ടന്റിന്റെ പ്രത്യേക താല്പര്യം.
ഞാനൊരു വെൽഡിങ്ങ് എക്സ്പർട്ടാണ്. പത്തുകൊല്ലം മരിച്ചു പണിതതിന്റെ ഫലം. പിന്നെ എല്ലാത്തരം വെൽഡിങ്ങ് സർട്ടിഫിക്കേഷനുകളും, നാഷനൽ, ഇന്റർനാഷണൽ. എന്നെ പോളിടെക്നിക്കുകൾ ക്ലാസ്സുകൾക്കും, ഡെമോൺസ്റ്റ്രേഷനും സ്ഥിരം വിളിക്കാറുണ്ട്. എന്റെ ചേട്ടനും അനിയനും ചെറിയ കണ്ണുകടിയാണ്. എന്നാൽ അതിന്റെ ഒരാവശ്യവുമില്ല.

എന്റെ പേര് ഭരതൻ. മുഴുവൻ പേര് ഭരതൻ വാസുദേവൻ. പേരു സൂചിപ്പിക്കുന്നത് പോലെ രണ്ടാമത്തെ ആൺകുട്ടിയാണ്. ചേട്ടൻ, മൂത്തവൻ രാമചന്ദ്രൻ. പിന്നൊരു ചേച്ചി. പിന്നെ ഈയുള്ളവൻ. പിന്നെ ലക്ഷ്മണൻ. പിന്നെ അനിയത്തി. എല്ലാവരും (ഞാനൊഴികെ) നന്നായി പഠിക്കുന്നവർ. ഞാൻ പണ്ടേ നമ്മടെ ലാലേട്ടന്റെ ആടുതോമ ലൈനായിരുന്നു. എന്നു വെച്ച് റൗഡിത്തരമോ, അല്ലെങ്കിൽ കണ്ടുപിടിത്തങ്ങളോ ഒന്നുമില്ല. കണക്കിഷ്ടമാണുതാനും. എന്നാലും ക്ലാസ്സിലിരുന്ന് ചരിത്രം, ഭൂമിശാസ്ത്രം ഇങ്ങനെ ഒട്ടെല്ലാ വിഷയങ്ങളും പഠിക്കുന്ന കാര്യം പ്രാണസങ്കടമായിരുന്നു. കൈകൊണ്ട് എന്തെങ്കിലും ചെയ്യുന്നതായിരുന്നു ഇഷ്ടം.

മൂത്തവന്റെ പഴയ ഉടുപ്പ്, പുസ്തകങ്ങൾ, ഇതെല്ലാം എനിക്ക് കിട്ടുന്ന അനുഗ്രഹങ്ങൾ. അനിയൻ കുഞ്ഞല്ലേ. അപ്പോ ചേട്ടന്റെ പഠിത്തം, അംഗീകാരങ്ങൾ, ഇതിൽ അഭിമാനം, ആ പാത പിന്തുടർന്ന ചേച്ചി, അനിയൻ, അനിയത്തി, ഇവരോട് വാത്സല്ല്യം. എപ്പോഴും കറങ്ങിനടക്കുന്ന എന്നെ എങ്ങിനെ കൈകാര്യം ചെയ്യണം എന്നറിയാതെ അച്ഛനുമമ്മയും കുഴങ്ങി. പിന്നെ അടിച്ച വഴിക്കു പോയില്ലെങ്കിൽ പോയ വഴിക്ക്, അടിയെന്നു വെച്ചാൽ, അടിയോടടിയായിരുന്നു! എന്താണ് സംഭവിച്ചത്? ഞാനിറങ്ങി വല്ല്യച്ഛന്റെയടുത്തേക്കു പോയി. പുള്ളി വല്ല്യമ്മ മരിച്ചതിൽപ്പിന്നെ ഒറ്റയാനായിരുന്നു. വല്യമ്മയും അമ്മയും ചേച്ചിയും അനിയത്തിയുമായിരുന്നു. മക്കളുമില്ല. തറവാട് അച്ഛന് കിട്ടിയപ്പോൾ ആശാൻ കിട്ടിയ വസ്തു വിറ്റ് ഇത്തിരി ദൂരെ സ്ഥലം വാങ്ങി. പക്ഷേ അതാരുമറിഞ്ഞില്ല. ഒരു വാടകവീട്ടിലാണ് താമസം. വല്ല്യമ്മയ്ക്ക് ജോലിയുണ്ടായിരുന്നു. പുള്ളിക്കിത്തിരി ആ വകയിൽ പെൻഷനും കിട്ടും. വല്ല്യച്ഛൻ ധൂർത്തനും ഒരു പ്രയോജനവുമില്ലാത്തവനും ആണെന്നായിരുന്നു എന്റെ മാതാപിതാക്കളുടെ നിഗമനം.
ഏതായാലും ഞാൻ വല്ല്യച്ഛന്റെ അടുത്ത് അഭയം പ്രാപിച്ചതിന്റെ മൂന്നിന്റന്ന് പുള്ളീടെ അടുത്ത ആളായിരുന്ന സർക്കിൾ മാത്തച്ചൻ മാതാപിതാക്കളെ സന്ദർശിച്ചു. ഞാൻ പീഡനത്തിന് പരാതി എഴുതിക്കൊടുത്തുകഴിഞ്ഞാൽ അന്വേഷിക്കേണ്ടിവരും എന്നു പറഞ്ഞപ്പോൾ പുകഞ്ഞ കൊള്ളി പുറത്ത് എന്ന തത്വം സ്വീകരിച്ച് എന്നെ അവരൊഴിവാക്കി. അമ്മയ്ക്ക് പണ്ടേ വല്യമ്മയെ കണ്ടൂടായിരുന്നു. ചേച്ചിയാണെന്ന് പറഞ്ഞിട്ടെന്തു കാര്യം. ജീവിതത്തിലെ നല്ല ദിനങ്ങൾ അവിടെത്തുടങ്ങി.

ഇത്രയും പഴമ്പുരാണം വർണ്ണിച്ചു നിങ്ങളെ ബോറടിപ്പിച്ചതിൽ ക്ഷമിക്കണം. ബാക്കി സിന്ദഗീ കീ കഹാനി വഴിയേ വിസ്തരിക്കുന്നതാണ്. വർത്തമാനകാലത്തിലേക്ക് തിരിച്ചുവരാം.

സാഹിൽ കോമിക്ക് തിരികെ വെച്ചിട്ട് സ്ഥലം കാലിയാക്കി. ഞാനിറങ്ങി എന്റെ പഴയ തോഴൻ ബുള്ളറ്റ് തുടച്ചു വൃത്തിയാക്കാനും, സ്പാർക്ക് പ്ലഗ്ഗഴിച്ച് ക്ലീൻ ചെയ്യാനും തുടങ്ങി. ആദ്യത്തെ ജോലി നാട്ടിൽ ഒരു റെയിൽവേയുടെ വർക്ക് സബ്കോൺട്രാക്റ്റർ വഴി കിട്ടിയപ്പോൾ വല്ല്യച്ഛൻ സമ്മാനിച്ചതാണ്. കഷ്ടി രണ്ടായിരം കിലോമീറ്റർ മാത്രമോടിയ ഒരു ഗൾഫുകാരന്റെ മോന്റെ വണ്ടി. അവനേതോ മോഡേൺ കാവാസാക്കിയുടെ ത്രസിക്കുന്ന ജന്തുവിനെക്കിട്ടിയപ്പോൾ വല്ല്യച്ഛന് ലാഭത്തിൽ മാത്തച്ചൻ വഴി കിട്ടി. എന്റെ കണ്ണുകൾ നിറഞ്ഞുപോയി, കിഴവൻ ചുമ്മാ ആ താക്കോലെന്റെ നേർക്കെറിഞ്ഞപ്പോൾ. കിഴവൻ പുലിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *