യക്ഷയാമം – 8

മലയാളം കമ്പികഥ – യക്ഷയാമം – 8

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നിമിഷനേരംകൊണ്ട് അഗ്നി നീലനിറത്തിൽ ആളിക്കത്തി.
അഗ്നിക്കുമുകളിലുള്ള ആ ഭീകരമായ കാഴ്ച്ചകണ്ട ഗൗരിയുടെകണ്ണുകൾ മങ്ങി.
തൊണ്ട വരണ്ടു.

താൻ കാണുന്നത് സത്യമാണോയെന്നുപോലും വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞില്ല.
കൈകൾ മുകളിലേക്ക് ഉയർത്തി ശങ്കരൻതിരുമേനി എന്തോ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരുന്നു.

നീലനിറത്തിൽ കത്തുന്ന അഗ്നിക്കമുകളിൽ ഒരു സ്ത്രീരൂപം.

ഗൗരി തന്റെ കണ്ണുകളെ വലതുകൈകൊണ്ട് തിരുമ്മി

പതിയെ ആ രൂപം വളരാൻതുടങ്ങി.
ഭയംകൊണ്ട് ഗൗരിയുടെ കാലുകൾവിറച്ച് കുഴഞ്ഞുപോകുന്നപോലെ തോന്നി.

ഭീകരമായ ശബ്ദത്തോടുകൂടി ആ സ്ത്രീരൂപം അട്ടഹസിച്ചു.

അതുകേട്ടഗൗരി അലറിവിളിച്ചു.

ഗൗരിയുടെ സാനിധ്യംകൊണ്ട് മന്ത്രജപത്തിലുണ്ടായ തടസം തിരുമേനിയെ വല്ലാതെ രോഷാകുലനാക്കിമാറ്റി.

അദ്ദേഹം ഗൗരിയെ തീക്ഷ്ണമായി നോക്കി.

ചുവന്നുതുടുത്ത തിരുമേനിയുടെ കവിളുകൾ വിറക്കുന്നുണ്ടായിരുന്നു.
മിഴിയിൽ ബ്രഹ്മപുരം മുഴുവനും നശിപ്പിക്കുവാൻ ശേഷിയുള്ള അഗ്നി ജ്വലിച്ചു.

കൂടെയുള്ള അഞ്ചുപേരും മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് അഗ്നിയിലേക്ക് നെയ്യും പൂവും, അർപ്പിച്ചുകൊണ്ടിരുന്നു.

തിരുമേനി വിരൽ ഗൗരിക്കുനേരെ വിരൽചൂണ്ടി അകത്തേക്കു കടക്കരുതെന്ന് നിർദ്ദേശം നൽകി.

അപ്പോഴും ഗൗരിയുടെ കണ്ണുകൾ അഗ്നിക്കുമുകളിൽ കത്തിയെരിയുന്ന ആ സ്ത്രീരൂപത്തിലേക്കായിരുന്നു.

“എന്താണ് ഇവിടെ നടക്കുന്നെ,?
ആരാണാ സ്ത്രീ ?..”

ഹോമാകുണ്ഡത്തിന് മുൻപിലിരിക്കുന്ന ഒരാൾ എഴുന്നേറ്റ് ഗൗരിക്കുസമാന്തരമായി
ചെന്നുനിന്നു.
എണീറ്റുപോകുമ്പോൾ അയാൾ വലതുഭാഗത്തിരിക്കുന്ന തളികയിൽനിന്നും ഒരുന്നുള്ളുഭസ്മമെടുത്തിരുന്നു.

വലതുകൈയിൽ കരുതിയ ഭസ്മം അയാൾ ഗൗരിയുടെ നെറ്റിയിൽ തൊട്ട് അല്പനേരം കണ്ണുകളടച്ചുപിടിച്ചുകൊണ്ട് മന്ത്രങ്ങൾ ജപിക്കുവാൻ തുടങ്ങി.

മന്ത്രജപങ്ങൾ കഴിഞ്ഞതും ഗൗരി കുഴഞ്ഞുവീണതും ഒരുമിച്ചായിരുന്നു.

പൂജകഴിഞ്ഞ് തിരുമേനി ഗൗരിയെകോരിയെടുത്ത് മനയിലേക്ക് നടന്നു.
തിങ്കളിനെ മറച്ചുപിടിച്ച കാർമേഘങ്ങൾ തിരുമേനിയുടെ സാനിധ്യമറിഞ്ഞയുടനെ എങ്ങോട്ടോ ഓടിയൊളിച്ചു.

തുറന്നിട്ട കിഴക്കേജാലകത്തിലൂടെ അരുണരശ്മികൾ ഗൗരിയുടെ കവിളിൽ ഇളംചൂട് പകർന്നപ്പോൾ മിഴികൾതുറന്ന് അവൾ ചുറ്റുംനോക്കി.

പെട്ടന്ന് കട്ടിലിൽ നിന്ന് അവൾ ചാടിയെഴുന്നേറ്റു.

കഠിനമായ തലവേദന അവളെ അലട്ടികൊണ്ടിരുന്നു.

“ഇന്നലെ, എന്താ സംഭവിച്ചേ ?..
അവിടെ, ഞാനെന്തോ കണ്ടല്ലോ.
ദേവീ… എനിക്ക് ഓർക്കാൻ കഴിയുന്നില്ല്യാ.”

ഗൗരി തന്റെ ശിരസിനെ രണ്ടുകൈകൾകൊണ്ട് അമർത്തി പിടിച്ചു.

“ഗൗരിയേച്ചീ…”

അകലെനിന്നുകേട്ട ആ ശബ്ദം അമ്മുവിന്റെയാണെന്ന് തിരിച്ചറിയാൻ ഗൗരിക്ക് അധികസമയം വേണ്ടിവന്നില്ല.

കോണിപ്പടികൾ കയറി അമ്മു ഗൗരിയുടെ മുറിയിലേക്ക് നടന്നുവന്നു.

ഇളംപച്ച നിറത്തിലുള്ള പട്ടുപാവാടയിൽ സ്വർണമിറമുള്ള കസവ് അവളുടെ മുഖം പോലെ തിളങ്ങിനിന്നു.

അഞ്ജനം വാൽനീട്ടിയെഴുതിയിട്ടുണ്ട്.
നെറ്റിയിൽ ഭഗവതിയുടെ കുങ്കുമവും, മഹാവിഷ്ണുവിന്റെ ചന്ദനവും അണിഞ്ഞിരിക്കുന്നു.
ചുണ്ടിന്റെ ഇടതുഭാഗത്തുള്ള ചെറിയ കാക്കാപുള്ളി പുഞ്ചിരിപൊഴിക്കുമ്പോൾ
അല്പം മുകളിലേക്ക് കയറിനിൽക്കുന്നുണ്ടായിരുന്നു.
കഴുത്തിൽ സ്വർണത്തിന്റെ ചെറിയമാലയും, അതിനോട് ബന്ധിച്ച് കറുത്തചരടിൽ തകിടിൽ രൂപകൽപന ചെയ്ത ഏലസുമുണ്ട്.
വലതുകൈയിൽ കറുപ്പും ചുവപ്പും നിറമുള്ള ചരടുകൾ മടഞ്ഞിട്ടിരിക്കുന്നു.

“ഗൗരിയേച്ചി…”
അമ്മു കട്ടിലിലേക്ക് ചാടിക്കയറി അവളുടെ അടുത്തിരുന്നു.

“അമ്മൂ, നീയെപ്പഴാ വന്നേ ?.”
അഴിഞ്ഞുവീണ മുഴിയിഴകൾ വാരികെട്ടുന്നതിനിടയിൽ ഗൗരി ചോദിച്ചു.

“ദേ വരുന്ന വഴിയാ, കുഞ്ഞേച്ചി എണീറ്റേ,
മുത്തശ്ശൻ പറഞ്ഞു അംബലത്തിൽ പോണം ന്ന്.”

ഗൗരി തന്റെ ഫോണെടുത്തുനോക്കി.
അഞ്ജലിയുടെ രണ്ട് മിസ്സ്ഡ് കോൾ .

പുഞ്ചിരിപൊഴിച്ചുകൊണ്ട് ഗൗരി ഫോൺ എടുത്തിടത്തുതന്നെ വച്ചു.

“കുഞ്ഞേച്ചി, എണീക്ക്.”
അമ്മു ഗൗരിയുടെ കൈകൾ പിടിച്ചുവലിച്ചു.
“അഞ്ചുമിനിറ്റ്, ഞാൻ കുളിച്ചിട്ട് വരാം”

ഗൗരിയെഴുന്നേറ്റ് കുളിമുറിയിൽകയറി വാതിലടച്ചു.

ബക്കറ്റിൽനിന്നും തണുത്തവെള്ളം തലവഴി എടുത്തൊഴിച്ചു.
നെറുകയിൽ പതിച്ചജലം അവളുടെ തലവേദനയെ കോരിയെടുത്ത് കഴുത്തുവഴി താഴേക്ക് ഒലിച്ചിറങ്ങി.

കുളികഴിഞ്ഞ ഗൗരി കറുപ്പിൽ വെളുത്തനിറത്തോടുകൂടിയാ ചുരിദാർ ധരിച്ച് താഴേക്കിറങ്ങി.

ഉമ്മറത്ത് ചാരുകസേരയിലിരുന്ന് ശങ്കരൻതിരുമേനി പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.

“അമ്മൂ, പോവാം”
അകത്തുനിന്ന് ഗൗരി പുറത്തേക്കുവരുന്നതുകണ്ട തിരുമേനി അവളെ അടിമുടിയൊന്ന് നോക്കി.

“ആഹ്‌ഹാ,കെട്ടിക്കാറായല്ലോ പെണ്ണിനെ ഹഹഹ…”

“ഒന്നുപോ മുത്തശ്ശാ”
നാണത്തോടെ ഗൗരി പറഞ്ഞു.

“അതയ്, പുണ്ണ്യാഹം മറക്കേണ്ട.
തിരുമേനിയോട് പറയു ഇങ്ങടാണെന്ന്.”

“ഉവ്വ്,”
അമ്മു തിരിഞ്ഞുനോക്കികൊണ്ട് പറഞ്ഞു.

പടിപ്പുര താണ്ടി അവർ രണ്ടുപേരും നടന്നകലുന്നത് അചലമിഴികൾകൊണ്ട് തിരുമേനി നോക്കിയിരുന്നു.

ഹരിദാർദ്രമായ മണ്ണിലൂടെ നെൽകതിരുകളെ തലോടികൊണ്ട് ബ്രഹ്മപുരം ശിവക്ഷേത്രത്തിലേക്ക് രണ്ടുപേരും നടന്നുനീങ്ങി.

നെൽവയലിന്റെ അവസാനം ചെന്നെത്തിയത് ഒരു ഇടവഴിയുടെ തുടക്കത്തിലാണ്.

“അമ്മു, ന്ത് രസാ ഈ വഴിയിലൂടെ നടക്കാൻ”

ഗൗരി മണ്ണിൽപണിഞ്ഞ മതിലുകളിലെ പുൽനാമ്പുകളെ തലോടികൊണ്ട് പറഞ്ഞു.

ആർദ്രമായ കൈകളിൽ ഹിമകങ്ങൾ കുളിരേകികൊണ്ടേയിരുന്നു.

ഇടവഴി ചെന്നവസാനിച്ചത് വലിയ ഒരാലിന്റെ അടുത്തായിരുന്നു.

ഗൗരി ആലിന്റെ മുകളിലേക്കൊന്നുനോക്കി.

അനന്തമായി ആർക്കും ശല്യമില്ലാതെ അത് പടർന്നുപന്തലിച്ചു നിൽക്കുന്നുണ്ടായിരുന്നു.

ആൽത്തറയിൽ കയറി അമ്മു മൗനമായി അല്പനേരമിരുന്നു.

കിഴക്കുനിന്ന് വന്ന ഇളംങ്കാറ്റ് അവളെ തലോടികൊണ്ടേയിരുന്നു.

“ഗൗരിയേച്ചി, ഇവിടെയിരിക്കുമ്പോൾ നിക്ക് ന്റെ അച്ഛന്റെ മടിയിലിരിക്കുന്നപോലെയാ.”
നിറമിഴികളോടെ അമ്മുപറഞ്ഞു.

ഒന്നും മനസിലാകാതെ ഗൗരി അവളെത്തന്നെ നോക്കി.
വലതുവശത്തുള്ള ബോർഡിലേക്ക് അമ്മു വിരൽചൂണ്ടി.

അമ്മു വിരൽചൂണ്ടിയഭാഗത്തേക്ക് ഗൗരി സൂക്ഷിച്ചുനോക്കി.

‘ശ്രീനിയേട്ടന്റെ പാവന സ്മരണക്ക്’
“അച്ഛനാ”
അമ്മു തേങ്ങി തേങ്ങി കരഞ്ഞു.

“ഇവിട്യാ അച്ഛൻ സന്ധ്യക്ക് വന്നിരിക്കാറ്.”
ഉള്ളിൽ അടക്കിപ്പിടിച്ച സങ്കടം മിഴിനീർക്കണങ്ങളായി കവിൾത്തടംതാണ്ടി അധരങ്ങളിലേക്കൊലിച്ചിറങ്ങി.

ഗൗരി അവളുടെ അടുത്തേക്കുവന്ന് കണ്ണുനീർത്തുള്ളികളെ ചൂണ്ടുവിരൽകൊണ്ട് തുടച്ചുനീക്കി.

“ഏയ്‌,അമ്മൂ, സാരല്ല്യ. വാ നമുക്ക് തൊഴുതിട്ട് വരാം”

അവളെ തോളോട് ചേർത്തുപിടിച്ച് ഗൗരി ക്ഷേത്രത്തിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *